കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. വെള്ളിപറമ്പ് സ്വദേശി ശശീധരൻ ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിറാമിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ അഭിറാമിനെ ശശീധരൻ ചോദ്യം ചെയ്തതായിരുന്നു തർക്കത്തിന് കാരണമായത്. വാക്കേറ്റം രൂക്ഷമായതോടെ പ്രകോപിതനായ അഭിറാം മരപ്പട്ടിക ഉപയോഗിച്ച് ശശീധരന്റെ തലയ്ക്കടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശീധരനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ അഭിറാം കടുത്ത ലഹരി അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.