കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മൈതാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പൊലീസ് കേസെടുത്തു. സംഘാടകരായ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം സ്തംഭിച്ചിരുന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി പരിപാടി നിർത്തിവെപ്പിച്ചു. ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശുകയും ചെയ്തു.
തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥത അനുഭവപ്പെട്ട പത്തോളം പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരാരുടെയും നില ഗുരുതരമല്ല. പൊലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് സംഘാടകർ പരിപാടി നടത്തിയത് എന്ന് എഫ്.ഐ.ആറിൽ പറയുന്നു.