Share this Article
News Malayalam 24x7
സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
വെബ് ടീം
posted on 02-03-2024
1 min read
 charge sheet against suresh gopi journalist assault case

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരേ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബോധപൂർവ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഐ.പി.സി. 354, പോലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 27-ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെക്കുന്നത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് തള്ളിക്കൊണ്ട് മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരിൽനിന്നും പോലീസ് മൊഴിയെടുത്തിരുന്നു. തുടർന്ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു സുരേഷ് ഗോപിക്കെതിരേ കേസെടുത്തിരുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി മുൻകൂർ ജാമ്യവും എടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories