കഴുത്തിന് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദീർഘദൂര യാത്രയ്ക്ക് അനുവദിച്ചതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചതായി പരാതി. തൃശ്ശൂർ പടിയം വില്ലേജ് സ്വദേശി അശ്വിൻ ആലപ്പുഴയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.
കഴുത്തിന് പരിക്കേറ്റു എന്ന് പറയപ്പെടുന്ന മന്ത്രിയെ ഐസിയുവിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഉടൻ യാതൊരുവിധ മെഡിക്കൽ സുരക്ഷാ മുൻകരുതലുകളും പാലിക്കാതെ ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ അനുവദിച്ചത് ഗുരുതരമായ അനാസ്ഥയാണെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ഒരു രോഗിയെ ഇത്രയും ദീർഘദൂര യാത്രയ്ക്ക് അനുവദിച്ചത് മന്ത്രിയുടെ ആരോഗ്യത്തിന് പോലും വിലകൽപ്പിക്കാത്ത നടപടിയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തണമെന്നും, ഉത്തരവാദികളായ ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് അശ്വിന്റെ ആവശ്യം. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വൻ അനാസ്ഥയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.