Share this Article
News Malayalam 24x7
എലോഹിം വര്‍ഷിപ്പ് സെന്റര്‍ സ്ഥാപന ഉടമ പാസ്റ്റര്‍ ബിനു വാഴമുട്ടത്തിന് എതിരെ പരാതി
Pastor Binu Vazhamuttom

ഒമല്ലൂരിലെ 'എലോഹിം വർഷിപ്പ് സെന്റർ' എന്ന പ്രാർത്ഥനാലയത്തിന്റെ ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തിനെതിരെ പൊലീസിൽ പരാതി. ഒരു ഹൈന്ദവ കുടുംബത്തെ നിർബന്ധിതമായി മതം മാറ്റാൻ ശ്രമിക്കുന്നതിനിടെ ഹൈന്ദവ ദേവതയായ ഭദ്രകാളിയെ അധിക്ഷേപിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്നാണ് പരാതി. ഹിന്ദു ഐക്യവേദി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി.ആർ. ജയദേവനാണ് ജില്ലാ പൊലീസ് മേധാവിക്ക് (SP) പരാതി നൽകിയത്.

പ്രാർത്ഥനാലയത്തിൽ വെച്ച് പാസ്റ്റർ ബിനു നടത്തിയ ഈ അപകീർത്തികരമായ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായതോടെയാണ് ഹിന്ദു ഐക്യവേദി നിയമനടപടിയുമായി മുന്നോട്ടുപോയത്.

ബിനു വാഴമുട്ടത്തിന്റെ ഈ സ്ഥാപനത്തിനെതിരെ മുൻപും ഗുരുതരമായ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇടുക്കി സ്വദേശികളായ രണ്ട് കുട്ടികളെ പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുവന്ന് ഇവിടെ പാർപ്പിക്കുകയും അവരെക്കൊണ്ട് നിർബന്ധിത ബാലവേല ചെയ്യിപ്പിക്കുകയും ചെയ്തതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സാമൂഹിക സുരക്ഷാ വകുപ്പും ഒമല്ലൂർ ഗ്രാമപഞ്ചായത്തും ഈ സ്ഥാപനത്തിന്റെ ലൈസൻസും നിയമസാധുതയും ചോദ്യം ചെയ്ത് മുൻപ് നോട്ടീസ് അയച്ചിരുന്നു. 

പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ മതവികാരം വ്രണപ്പെടുത്തൽ, വിശ്വാസങ്ങളെ അധിക്ഷേപിക്കൽ തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തി പാസ്റ്റർ ബിനുവിനെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട പോലീസ് അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories