പാലക്കാട്: അത്തിക്കോട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പൊൻപുളി, അത്തിക്കോട് സ്വദേശി പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
മാരുതി 800 കാറിലെ ഗ്യാസ് ചോർച്ച മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കുട്ടികൾ കയറി കീ തിരിച്ചതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.