Share this Article
Union Budget
നാളത്തെ അവധി മാറ്റിയത് തെറ്റായ നടപടി, ഒരു വിഭാഗത്തിന്റെ ആഘോഷത്തോടുള്ള അവഗണന: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
വെബ് ടീം
posted on 05-06-2025
1 min read
holiday

മലപ്പുറം: സംസ്ഥാനത്ത് വെള്ളിയാഴ്ചത്തെ അവധി മാറ്റിയത് തെറ്റായ നടപടിയെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ജൂൺ 6 വെള്ളി അറഫാ ദിനമായതിനാലും നേരത്തെ സർക്കാർ രേഖപ്പെടുത്തിയ അവധി ആയതിനാലും അന്നേ ദിവസത്തെ അവധി മാറ്റിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നാണ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്.

ശനി, ഞായർ ദിവസങ്ങളിൽ വിദ്യാലയങ്ങൾക്ക് നേരത്തെ തന്നെ അവധിയാണ്. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയെന്ന് പറഞ്ഞ് തത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റു ജീവനക്കാർക്കും നേരത്തെ പ്രഖ്യാപിച്ചത് പ്രകാരമുള്ള അവധിയും ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തതെന്നും അബ്ബാസലി തങ്ങൾ ആരോപിച്ചു.

അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലീഗ് ആവശ്യം.

ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും പിഎംഎ സലാം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories