തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‍ലിംലീഗിലെ ടി.പി. അർവയെയാണ് കാണാതായത്. തങ്ങളുടെ സ്ഥാനാർഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‍ലിം ലീഗ് നേതൃത്വം ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാണെന്നും ലീഗ് നേതൃത്വം പറഞ്ഞു.മകളെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊക്ലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായും ഇവർ അറിയിച്ചു.
രണ്ടുദിവസമായി വീട്ടിൽ നിന്നിറങ്ങിയ അർവയെ നിരന്തരം ഫോണിൽ വിളിച്ച് ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഐഎം പ്രവർത്തകരുടെ തടങ്കലിലാണെന്ന് സംശയിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ബി.ജെ.പിക്കാരനായ റോഷിത്ത് എന്നയാളുടെ കൂടെ പോയി എന്ന് സംശയിക്കുന്നു എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്. എന്നാൽ, തങ്ങൾ ഇങ്ങനെ മൊഴി നൽകിയിട്ടില്ലെന്ന് മാതാവ് പറയുന്നു.പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയെ ഇക്കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതായത്.