കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ ഹൗസില്‍ അബ്ദുള്‍ റഷീദിന്റെ മകന്‍ അനൂസ് റോഷന്‍ (21) എന്ന യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്.കഴിഞ്ഞ ശനിയാഴ്ചയാണ് കിഴക്കോത്ത് പരപ്പാറയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. പ്രതികള്‍ മലപ്പുറം ജില്ലയിലാണ് ഉള്ളതെന്നാണ് സൂചന. കാറിലും സ്‌കൂട്ടറിലുമായി എത്തിയ സംഘമാണ് അനൂസിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്.റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലുക്ക്ഔട്ട് നോട്ടിസില്‍ കാണിച്ചിട്ടുള്ള അനൂസിനെ കുറിച്ചും, പ്രതികളെ കുറിച്ചും, വാഹനത്തെ കുറിച്ചും വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.