Share this Article
News Malayalam 24x7
ഭക്ഷണവും വാഴപ്പഴവും നൽകി പൊലീസ് കാവൽ, ഒടുവിൽ 'തൊണ്ടി' വന്നു; മാല വിഴുങ്ങിയ കള്ളനിൽ നിന്നും തൊണ്ടി മുതൽ തിരിച്ചുകിട്ടി
വെബ് ടീം
posted on 09-04-2025
1 min read
GOLD

ഫഹദ് ഫാസിൽ നായകനായ തൊണ്ടിമുതലും ദൃക്ഷ്സാക്ഷിയും എന്ന സൂപ്പ൪ഹിറ്റ് സിനിമയുടെ പ്രമേയത്തിന് തുല്യമായ സംഭവത്തിനു ഒടുവിൽ ക്ലൈമാക്സ്. പാലക്കാട് മാല വിഴുങ്ങിയ കള്ളനിൽ നിന്നും ഒടുവിൽ തൊണ്ടി മുതൽ കിട്ടി. മൂന്നാം ദിവസമാണ് മാല കിട്ടിയത്. മാല വിഴുങ്ങിയ കള്ളന്റെ വയറിളകുന്നതും കാത്ത് പൊലീസ് കാവൽ നിന്നിരുന്നു. വൈകീട്ട് നാല് മണിയോടെയാണ് മാല ലഭിച്ചത്.കള്ളന്റെ വയളിറകുന്നതും കാത്ത് മൂന്നാം ദിവസവും ആശുപത്രിയിലിരിക്കുകയായിരുന്നു പൊലീസ്.

വിശന്നാലും ഇല്ലെങ്കിലും നല്ല ഭക്ഷണവും ഇടയ്ക്കിടെ വാഴപ്പഴവും നൽകി കള്ളന് കാവലിരിക്കുകയായിരുന്നു പൊലീസ്. ഓരോ നിശ്ചിത ഇടവേളകളിലും എക്സ്‌റേയെടുത്ത് ശരീരത്തിനുള്ളിൽ മാലയുണ്ടോ എന്നത് ഉറപ്പാക്കിയിരുന്നു. ഇതിന് പുറമെ കള്ളന്റെ വിസർജ്യം കവറിൽ ശേഖരിച്ച് മാലയുണ്ടോയെന്നും പൊലീസ് പരിശോധിച്ചിരുന്നു.മാല വിഴുങ്ങിയ കള്ളനുമായി പൊലീസ് ജില്ലാ ആശുപത്രിയിലായിരുന്നു പൊലീസിൻ്റെ കാത്തിരിപ്പ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്ക് വേണ്ടി കാവൽ നിന്നത്. ആലത്തൂർ മേലാർക്കോട് വേലയ്ക്കിടെയാണ് മധുര സ്വദേശി മുത്തപ്പൻ, വേല കാണാനെത്തിയ കുട്ടിയുടെ മാല പൊട്ടിച്ച് വിഴുങ്ങിയത്.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്.

വേല കാണാനെത്തിയ കുട്ടിയെ അച്ഛൻ തോളിൽ തട്ടി ഉറക്കുന്നനിടെയായിരുന്നു കുട്ടിയുടെ മാല മോഷ്ടിക്കപ്പെട്ടത്. നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. എന്നാൽ താൻ മാല മോഷ്ടിച്ചില്ലെന്ന വാദത്തിൽ ഇയാൾ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴും ഇയാൾ തൻ്റെ വാദത്തിൽ ഉറച്ചുനിന്നു.പിന്നാലെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോൾ മാല വിഴുങ്ങിയത് തിരിച്ചറിയുകയായിരുന്നു. ആദ്യം എക്സറേ എടുത്തപ്പോൾ നെഞ്ചിൻ്റെ ഭാഗത്തും പിന്നീട് എടുത്തപ്പോൾ വയറിൻ്റെ ഭാഗത്തേക്കും മാല കിടക്കുന്നതായി ഡോക്ടർമാർ ഉറപ്പിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories