Share this Article
KERALAVISION TELEVISION AWARDS 2025
ലോറിയില്‍ നിന്നിറക്കവെ പുത്തൻ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; കാറിനടിയിൽപ്പെട്ട് ജീവനക്കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 23-06-2025
1 min read
range-rover

കൊച്ചി: യാർഡിൽ വലിയ ലോറിയില്‍ നിന്നിറക്കുന്നതിനിടെ നാല് കോടി രൂപയോളം വിലയുള്ള പുത്തന്‍ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു ജീവനക്കാരന് ദാരുണാന്ത്യം. കാറിനടിയില്‍പ്പെട്ട് ആണ് ഷോറൂമിലെ ജീവനക്കാരൻ മരിച്ചത്. മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്‍റണി സേവ്യറാണ് മരിച്ചത്. പാലാരിവട്ടം പൊലീസ് കാറോടിച്ച നൗഷാദിനെ പ്രതിയാക്കി കേസെടുത്തു. ബിഎന്‍എസ് 106(1), 125, 125(a) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ജീവന് അപകടത്തിലാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.  ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍  ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.

രണ്ട് കൂറ്റന്‍ ലോറിയിലാണ് പുത്തന്‍ റെയ്ഞ്ച് റോവര്‍ കാറുകളുടെ ലോഡെത്തിയത്. കാറുകള്‍ ലോറികളില്‍ നിന്ന് യാര്‍ഡിലേക്ക് നീക്കം ചെയ്യാന്‍ പതിവുപോലെ യൂണിയന്‍കാരെ ചുമതലപ്പെടുത്തി. വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ ഒപ്പം ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്‍റണി സേവ്യറുമുണ്ടായിരുന്നു. രണ്ട് യൂണിയന്‍കാരില്‍ ഒരാളായ അന്‍ഷാദ് ഡ്രൈവറായും രണ്ടാമന്‍ അനീഷ്, റോഷനോടൊപ്പം ലോറിക്ക് പുറത്ത് റോഡിലും നിലയുറപ്പിച്ചു. ലോറിക്കുള്ളില്‍ നിന്ന് റിവേഴ്സെടുത്ത് റെയിലിലൂടെ കാര്‍ താഴെയ്ക്ക് ഇറക്കുന്നതിനിടെ അന്‍ഷാദിന് കാറിന്‍റെ നിയന്ത്രണം വിട്ടു. ബ്രേക്ക് ചവിട്ടുന്നതിന് മുന്‍പ് തന്നെ നിമിഷം നേരംകൊണ്ട് കാര്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങി. പുറത്ത് റോഡില്‍ നിന്നിരുന്ന അനീഷിന്റേയും റോഷന്റേയും നേര്‍ക്കാണ് കുതിച്ചെത്തിയത്. 

റോഷന്‍റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. നിയന്ത്രണംവിട്ട കാര്‍ യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയില്‍ ഇടിച്ച ശേഷം മുന്നോട്ടുകുതിച്ച് റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളും ഇടിച്ച് തെറിപ്പിച്ചാണ് കാര്‍ നിന്നത്. പുത്തന്‍ റെയ്ഞ്ച് റോവറിന്‍റെ മുന്‍വശവും പിന്‍വശവും തകര്‍ന്നു. ചില്ലുകളെല്ലാം തകര്‍ന്നടിഞ്ഞു. ടയറുകളും പൊട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories