Share this Article
News Malayalam 24x7
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ
വെബ് ടീം
posted on 27-05-2025
1 min read
sukanth

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷിനെ റിമാൻഡ് ചെയ്തു. ജൂൺ 10വരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെയായിരുന്നു പ്രതി പൊലിസില്‍ കീഴടങ്ങിയത്. കൊച്ചി സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായും, നിരവധി തവണ പണം കൈപ്പറ്റിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം, സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് അമ്മാവൻ മോഹനനാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ടെലിഗ്രാം ചാറ്റുകൾ ഉൾപ്പെടെ നിരവധി ഡിജിറ്റൽ തെളിവുകൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”നീ പോയി ചാവടി, എപ്പോൾ ചാവും?” എന്നീ സന്ദേശങ്ങളും ചാറ്റിലുണ്ട്. ഐബി ഉദ്യോഗസ്ഥയുടെ ആറുമാസത്തെ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതിനുള്ള ബാങ്ക് രേഖകളും ലഭ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.സുകാന്ത്, ഐഎഎസ് കോച്ചിങ് നടക്കുന്നതിനിടെയിലും മറ്റൊരു യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതായും, ജയ്പൂരിൽ വെച്ചാണ് ഇവ സംഭവിച്ചതെന്നും രേഖകളിലുണ്ട്.പ്രതി മറ്റു യുവതികളെയും തിരുവനന്തപുരത്തും, ചെന്നൈയിലും അപ്പാർട്ട്മെന്റുകളിൽ എത്തിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഐബി ഉദ്യോഗസ്ഥ ഗർഭിണിയായത് സുകാന്ത് മൂലമാണെന്ന് ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഏകദേശം രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞശേഷമായിരുന്നു സുകാന്തിന്‍റെ നാടകീയ കീഴടങ്ങൽ. സുകാന്തിനെ കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും പിടികൂടാന്‍ സാധിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഇന്നലെ ഹൈക്കോടതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ പൊലിസില്‍ കീഴടങ്ങിയത്.ഇരയുടെ മേല്‍ പ്രതിക്ക് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും യുവതിയെ ചൂഷണം ചെയ്തിരുന്നതായി സംശയിക്കാനുള്ള സൂചനകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വാട്‌സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്നതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന നിര്‍ണായക ചാറ്റുകള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, ഈ വിവരങ്ങള്‍ ചോര്‍ന്നത് പൊലിസില്‍ നിന്നു തന്നെയാണെന്നും നിരീക്ഷിച്ചു. അതേസമയം, എങ്ങനെയാണ് ചാറ്റുകള്‍ ചോര്‍ന്നതെന്ന് അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories