പേരാമ്പ്രയിൽ പൊലീസിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. കോഴിക്കോട് റൂറൽ എസ്പിയുടെ വീടിന് മുന്നിലേക്ക് അടുത്തയാഴ്ച പ്രതിഷേധ മാർച്ച് നടത്താനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് യുഡിഎഫ് പ്രവർത്തകരെ കൂടി പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നതായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. എന്നാൽ, യുഡിഎഫിനെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ പുറത്തുവിടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്ത പൊലീസ്, പ്രകോപനപരമായ സമീപനം സ്വീകരിച്ചുവെന്നാണ് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അടുത്തയാഴ്ച വടകരയിലുള്ള കോഴിക്കോട് റൂറൽ എസ്പിയുടെ വീടിന് മുന്നിലേക്ക് വലിയൊരു പ്രതിഷേധ സമരം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പൊലീസിനെതിരെ സ്ഫോടകവസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചില ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാനുള്ള യുഡിഎഫിന്റെ തീരുമാനം.
കസ്റ്റഡിയിലെടുത്ത രണ്ട് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പൊലീസ് കടക്കുക.