കൊല്ലം നിലമേലില്‍ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരണപ്പെട്ടത്. വിഴിഞ്ഞത്തെ അസ്മാക് (Asmak) ഹോട്ടലിൽ നിന്ന് മത്സ്യം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ആറംഗ കുടുംബം വിഴിഞ്ഞത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചത്. മീൻ വിഭവങ്ങളാണ് ഇവർ പ്രധാനമായും കഴിച്ചിരുന്നത്. ഭക്ഷണത്തിന് പിന്നാലെ കുടുംബത്തിലെ നാലുപേർക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് റഷീദ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ചികിത്സയിലിരിക്കെയാണ് ഇരുവരും മരണപ്പെട്ടത്. കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങൾ നിലവിൽ നിരീക്ഷണത്തിലാണ്.
മരണപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി ഹോട്ടൽ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.