Share this Article
News Malayalam 24x7
മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകൾ സന്ദർശിക്കും; നാളെ പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വെബ് ടീം
4 hours 57 Minutes Ago
1 min read
CM

തിരുവനന്തപുരം: മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്. പ്രളയബാധിത മേഖലകൾ സന്ദർശിക്കും. റാന്നിയും ആറൻമുളയും സന്ദർശിക്കും.ദുരിതബാധിതരുമായി സംസാരിക്കും. അതേ സമയം കനത്ത മഴയെ തുടർന്ന് നാളെ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,പാലക്കാട്, കാസർഗോഡ്, കോട്ടയം,തൃശൂർ, പത്തനംതിട്ട,മലപ്പുറം,കോഴിക്കോട്,ആലപ്പുഴ ജില്ലകളിലാണ് അവധി.പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി. ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

കണ്ണൂർ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകൾക്കാണ് അവധി.കണ്ണൂരില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. 

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.


ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈൻ ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.


പി എസ് സി ആഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ ഓൺലൈൻ, ഒ.എം.ആർ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


എംജി സർവകലാശാലയിൽ ഓഗസ്റ്റ് 4, 5, 6, 7 തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories