കൊച്ചി: നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം.മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ നടത്തും.
കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സംഗീതാർച്ചനയും നടത്തിയിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് രണ്ട് വര്‍ഷം മുന്‍പ് ഒരു കുറിപ്പില്‍ താരം വെളിപ്പെടുത്തിയിരുന്നു. കണ്ണുകളിലൂടെയാണ് താന്‍ അമ്മയോട് സംസാരിക്കുന്നതെന്നും കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ താന്‍ ആ സ്നേഹവും വാല്‍സല്യവും അറിയുന്നുവെന്നും അദ്ദേഹം എഴുതി.
അമ്മയുടെ സ്പര്‍ശനത്തിലും തലോടലിലും തലയിളക്കലിലും ഒരു ഭാഷ തിരിച്ചറിയാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും പണ്ട് അമ്മ ഉരുള ഉരുട്ടി നല്‍കിയത് പോലെ താന്‍ അമ്മയെ ഊട്ടാറുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്‍റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് താന്‍ അറിയുന്നുണ്ടെന്നും അനുഭവിക്കുന്നുണ്ടെന്നും തന്നെയും മനുഷ്യജീവിതത്തെയും അതില്‍ അറിയുന്നുവെന്നും അദ്ദേഹം വൈകാരികമായി എഴുതിയിരുന്നു.