Share this Article
News Malayalam 24x7
കളമശ്ശേരി കഞ്ചാവ് വേട്ട ; ഒരു വിദ്യാര്‍ഥി കൂടി പിടിയില്‍
Student Arrested in Kalamassery Polytechnic Hostel Ganja Raid

കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജാണ് പിടിയിലായത്. കൊല്ലം സ്വദേശിയാണ് അനുരാജ്. ഇന്നലെ രാത്രിയാണ് അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പൊലീസ് പരിശോധിക്കും. അനുരാജാണ് കഞ്ചാവ് എത്തിച്ചതെന്ന് മറ്റ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 


കളമശ്ശേരി പോളിടെക്‌നിക്ക് കോളേജിലെ കഞ്ചാവ് വേട്ടയില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം നീളുകയാണ്. കഞ്ചാവ് എത്തിയത് കേരളത്തിന് പുറത്ത് നിന്നാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിന് പുറത്തേയ്ക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 


കളമശ്ശേരി ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് നടന്നത് ലഹരിയുടെ കൂട്ടു കച്ചവടമാണെന്നും പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഹോസ്റ്റലിനകത്ത് ഒരുതരത്തിലുള്ള സ്വാധീനവുമില്ലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഹോസ്റ്റല്‍ മുറിയില്‍ വ്യാപകമായി ബീഡികെട്ടുകളും കണ്ടെത്തി. 


ബീഡിയില്‍ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ  മൊഴി. കേസില്‍ ആദ്യം റിമാന്‍ഡിലായ കൊല്ലം സ്വദേശി ആകാശിനായുള്ള കസ്റ്റഡി അപേക്ഷ നാളെ സമര്‍പ്പിക്കും. ആകാശിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കളമശ്ശേരിയിലെ ലഹരി വേട്ടയ്ക്ക് പിന്നാലെ വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 


കഴിഞ്ഞ ദിവസം കുസാറ്റ് കോളേജിനോട് ചേര്‍ന്നുള്ള ഹോസ്റ്റുലുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന നടന്നിരുന്നു. പരിശോധനയില്‍ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്‌കൂള്‍ കോളേജ് കേന്ദ്രങ്ങളില്‍ നിന്ന് ലഹരിയുടെ വേരുകള്‍ പൂര്‍ണ്ണമായും അറുത്ത് മാറ്റുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories