Share this Article
News Malayalam 24x7
വന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്
Second Pinarayi Government's Final Budget Focuses on Rapid Rail and MC Road Development

രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേതുമായ ബജറ്റ് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റിൽ, വിവിധ വിഭാഗം തൊഴിലാളികൾക്ക് വേതന വർദ്ധനവും സർക്കാർ ജീവനക്കാർക്ക് 12-ാം ശമ്പള കമ്മീഷൻ പ്രഖ്യാപനവുമാണ് പ്രധാന ആകർഷണങ്ങൾ.

പ്രധാന ക്ഷേമ പ്രഖ്യാപനങ്ങൾ:

  • വേതന വർധന: ആശാ വർക്കർമാർ, അംഗനവാടി വർക്കർമാർ, പ്രീ പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരകന്മാർ എന്നിവർക്ക് പ്രതിമാസ വേതനത്തിൽ 1000 രൂപ വീതം വർദ്ധിപ്പിച്ചു. അംഗനവാടി ഹെൽപ്പർമാർക്ക് 500 രൂപയും, സ്കൂൾ പാചക തൊഴിലാളികളുടെ ദിവസ വേതനത്തിൽ 25 രൂപയും കൂട്ടി.

  • ശമ്പള പരിഷ്കരണം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി 12-ാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചു. കമ്മീഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

  • ഡിഎ കുടിശ്ശിക: സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയുടെ (ഡിഎ) കുടിശ്ശിക നൽകിത്തുടങ്ങുമെന്നും, ആദ്യ ഗഡു അടുത്ത മാസം നൽകുമെന്നും മന്ത്രി അറിയിച്ചു.

  • പെൻഷൻ: ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപയും സ്ത്രീ സുരക്ഷാ പെൻഷനായി 3,820 കോടി രൂപയും വകയിരുത്തി.

  • പൗരന്മാര്‍ക്ക്: വയോജന സംരക്ഷണത്തിനായി 'എൽഡേർലി ബജറ്റ്' നടപ്പിലാക്കും.


വൻകിട പദ്ധതികൾക്ക് ഊന്നൽ:

  • റെയിൽ വികസനം: തിരുവനന്തപുരം-കാസർകോട് അതിവേഗ യാത്രാ സൗകര്യത്തിനായി ആർആർടി (റാപ്പിഡ് റെയിൽ ട്രാൻസിസ്റ്റ്) ലൈൻ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ, പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തി.

  • ഗതാഗതം: ദേശീയപാത നിർമ്മാണം ദ്രുതഗതിയിലാക്കുമെന്നും, എം സി റോഡ് വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതായും ബജറ്റിൽ പറയുന്നു.

  • മറ്റ് പദ്ധതികൾ: മാലിന്യ സംസ്കരണത്തിനായി 160 കോടി രൂപ, യുവജന ക്ലബ്ബുകൾക്ക് 5 കോടി രൂപ, കുടുംബശ്രീക്ക് 22.27 കോടി രൂപ എന്നിവയും അനുവദിച്ചു.

ബജറ്റിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം വിമർശിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബജറ്റിനെ 'രാഷ്ട്രീയ രേഖ' (പൊളിറ്റിക്കൽ ഡോക്യുമെന്ററി) എന്ന് വിശേഷിപ്പിച്ചു. "ഇല്ലാത്ത കാര്യങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണിത്. ഈ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങളൊന്നും നടപ്പാക്കാൻ പോകുന്നില്ല," എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെൻഷൻ തുക വർദ്ധിപ്പിക്കാനുള്ള സർക്കാർ വാഗ്ദാനം കഴിഞ്ഞ 10 വർഷമായി നടപ്പിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories