Share this Article
News Malayalam 24x7
ജോലിത്തിരക്കുകൾക്കിടയിൽ അല്പം മാനസിക ഉല്ലാസത്തിന് അപേക്ഷ, അനുമതി നൽകി കമ്മീഷണർ, മൂന്നാറിൽ ത്രില്ലടിച്ച് വടക്കാഞ്ചേരി പോലീസ്
വെബ് ടീം
posted on 29-01-2026
1 min read
VADAKKANCHERY POLICE

തൃശൂർ: ജോലിത്തിരക്കും സേവനവഴികളിലെ വിശ്രമമില്ലാത്ത സമയങ്ങളും കൊണ്ട്  മാനസിക സമ്മർദ്ദം വരാതെ മുന്നോട്ടു പോകാൻ വടക്കാഞ്ചേരി പോലീസ് സേനാംഗങ്ങൾക്കിടയിൽ ഉണ്ടായ ആലോചനയാണ് ഒരു  യാത്രയെ കുറിച്ച് ഉള്ള ചിന്തയിലെത്തിയത്. .

സ്റ്റേഷനിൽ നിന്നൊരു യാത്ര പോകാൻ ആലോചിക്കുകയും  ആ ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനു മുന്നിൽ സബ് ഇൻസ്പെക്ടർമാരായ  ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു.സേനാംഗങ്ങളിൽ ഒരാൾ സുഹൃത്തുക്കളുടെ വിനോദയാത്ര ഫോട്ടോകൾ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരമൊരു ആശയത്തിലേക്ക് സ്റ്റേഷനിലെ സഹപ്രവർത്തകരെ എത്തിച്ചത്.  

അസിസ്റ്റൻറ് കമ്മീഷണർ മുഖേന കമ്മീഷണർക്ക് തീർച്ചയായും അനുമതിക്കായി അപേക്ഷിക്കാമെന്ന് ഇൻസ്പെക്ടറും താല്പര്യം അറിയിച്ചപ്പോൾ സേനാംഗങ്ങളിൽ പലർക്കും യാത്രയ്ക്ക് അനുമതി ലഭിക്കുമോഎന്ന സംശയത്തിലുമായിരുന്നു. വിവരം അറിഞ്ഞ കുന്നുംകുളം സബ് ഡിവിഷൻ അസിസ്റ്റൻറ്  കമ്മീഷണർ സി ആർ സന്തോഷ് ഏറെ സന്തോഷത്തോടെ ലഭിച്ച അപേക്ഷ അനുമതിക്കായി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന് സമർപ്പിക്കുകയും, സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ഒരുതരത്തിലും തടസ്സം വരാത്ത രീതിയിൽ സേനാംഗങ്ങൾക്ക് ഒരു ദിവസത്തെ വിനോദയാത്രയ്ക്കുള്ള അനുമതി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസ് അംഗീകരിക്കുകയും ചെയ്തു.

വിനോദയാത്രയ്ക്കുള്ള അനുമതി ലഭിച്ചതറിഞ്ഞ സേനാംഗങ്ങളുടെ ത്രിൽ പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. മൂന്നാർ, മാങ്കുളം എന്നീ സ്ഥലങ്ങൾ ഒരു ദിവസത്തിനുള്ളിൽ സന്ദർശിച്ച് ആസ്വദിച്ചുവന്ന സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥർ ഏറെ സംതൃപ്തിയിലാണ്. സേനയിലേക്ക് പ്രവേശിക്കും മുൻപ് പല യാത്രകളും പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ജീവിതത്തിൽ ആദ്യമാണെന്നും അതിനാൽ തന്നെ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയാണെന്നുമാണ് സേനാംഗങ്ങൾ അറിയിച്ചത്.  ഓരോ സേനാംഗങ്ങൾക്കും ഒരു ദിവസത്തിനുള്ളിൽ ലഭിച്ച റിഫ്രഷ്മെൻറ്, സ്ട്രെസ്സ് മാനേജ്മെൻറ് ക്ളാസ്സുകൾക്കും പരിശീലനങ്ങൾക്കും നൽകാൻ കഴിയാത്ത ഒന്നായിരുന്നുവെന്നും പലരും സന്തോഷത്തോടെ അഭിപ്രായപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories