Share this Article
News Malayalam 24x7
അർജുന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, രാവിലെ 8ന് വീട്ടുവളപ്പിൽ സംസ്കാരം
വെബ് ടീം
1 hours 17 Minutes Ago
1 min read
arjun

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുന്റെ മൃതദേഹം നാളെ 7 മണിയോടെ നാട്ടിലെത്തും. തുടർന്ന് പൊതുദർശനത്തിന് ശേഷം 8 മണിക്ക് വീട്ടു വളപ്പിൽ അന്ത്യകർമ്മങ്ങൾ നടക്കും.

പ്രവാസലോകത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ അർജുന്റെ അകാല വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

ഏതാണ്ട് ഒരു വർഷവും അഞ്ചു മാസവും മുൻപായിരുന്നു അർജുന്റെയും അതുല്യയുടെയും വിവാഹം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഫാക്ടറിയിലെ അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു.

ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories