തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിനു മുൻപേ വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അനുമോദിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയോടു സംസാരിക്കാൻ വി.വി. രാജേഷ് ശ്രമിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റിനെ വിളിച്ചു. ഈ സമയം മുഖ്യമന്ത്രി അടുത്ത് ഇല്ലാതിരുന്നതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് പഴ്സനൽ അസിസ്റ്റന്റ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു. ഇതേത്തുടർന്ന് പി.എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. കോർപറേഷനിൽ ബിജെപിക്കെതിരെ സിപിഐഎം മത്സരിച്ചിരുന്നു. ദൈവങ്ങളുടെ പേരിൽ ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരാതിയും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ് മുഖ്യമന്ത്രി ബിജെപി മേയർ സ്ഥാനാർഥിയെ വിളിച്ച് അഭിനന്ദിച്ചെന്ന വാർത്ത രാഷ്ട്രീയ ചർച്ചയായി. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വീശദീകരണവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രസ്താവന:
‘‘ ബിജെപി നേതാവ് വി.വി.രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. വെള്ളിയാഴ്ച രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പഴ്സനൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി.എ അറിയിച്ചു. അതുകഴിഞ്ഞ് പി.എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു’’.
‘‘താൻ മേയർ ആയി തിരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി.വി.രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്’’.