Share this Article
News Malayalam 24x7
പയ്യോളിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ
Three members of a family died in Payoli

കോഴിക്കോട് പയ്യോളിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍. അയനിക്കാട് കുറ്റിയില്‍ പീടിക സ്വദേശി വള്ളില്‍ സുമേഷ്, മക്കളായ ഗോപിക, ജ്യോതിക എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യോളി പോലീസ് അന്വേഷണം തുടങ്ങി. 

ഇന്ന് രാവിലെ പയ്യോളി അയനിക്കാട് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിനെ  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിവരം അറിയിക്കുന്നതിനായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് മക്കളായ 15കാരി ഗോപിക, 12 കാരി ജ്യോതിക എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. സുമേഷും മക്കളായ ഗോപികയും ജ്യോതികയും മാത്രമാണ് വീട്ടിൽ താമസം. നേരത്തെ ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നു സുമേഷ്. എന്നാൽ ഭാര്യ 2020ൽ കോവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ ഗൾഫിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യ മരിച്ചതിന്റെ മാനസിക വിഷമത്തിലായിരുന്നു സുമേഷും മക്കളും ഉണ്ടായിരുന്നത്. മക്കൾക്ക് വിഷം നൽകിയശേഷം സുമേഷ് റെയിൽവേ ട്രാക്കിൽ എത്തി ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories