മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന കർശന വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടന്നതായി പരാതി. അതീവ പ്രാധാന്യമുള്ള ഈ ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ഷൂട്ടിംഗ് നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്തുനിന്ന് ഉയർന്നിരിക്കുന്നത്.
വിദേശ പൗരന്മാരടക്കം ഉൾപ്പെട്ട ഒരു സംഘമാണ് ചിത്രീകരണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മകരവിളക്ക് സമയത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുകയും സുരക്ഷാ ക്രമീകരണങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയും ചെയ്യുന്നതിനിടെ ഇത്തരത്തിലൊരു പ്രവൃത്തി നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഭക്തർ ആരോപിച്ചു.
സുരക്ഷാ നിയന്ത്രണങ്ങളെ മറികടന്ന് എങ്ങനെ ചിത്രീകരണം നടത്താൻ സാധിച്ചു എന്ന കാര്യത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും പൊലീസിന്റെ ഭാഗത്തുനിന്നും വിശദീകരണം ലഭിച്ചിട്ടില്ല. അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയതെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നുമാണ് ഭക്തരുടെ ആവശ്യം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.