ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം കാണാതായ സംഭവത്തിൽത്തിൽ വിപുലമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് സ്വർണ്ണം കാണാതായതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആ വഴിക്കും നീങ്ങുകയാണ്. അതേസമയം, സ്വർണ്ണ ദണ്ഡ് മോഷണം പോയതാണെന്ന സംശയവും തള്ളിക്കളയുന്നില്ല.
കഴിഞ്ഞയാഴ്ചയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ സൂക്ഷിച്ച പതിമൂന്നര പവൻ തൂക്കം വരുന്ന സ്വർണ ദണ്ഡ് അതീവ സുരക്ഷയ്ക്കിടയിലും കാണാതായത്. ശ്രീകോവിലിന്റെ താഴികകുടത്തിന് സ്വർണം പൂശുന്ന പണി നടക്കുന്നതിനാൽ ആണ് സ്വർണം ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഓരോ ദിവസവും നിർമ്മാണത്തിന് ആവശ്യമായ സ്വർണം തൂക്കി നൽകിയ ശേഷം ബാക്കി തിരികെ വയ്ക്കുകയാണ് ചെയ്തിരുന്നത്. ഇതിനിടയിലാണ് സ്വർണം കാണാതായത്. പിന്നീട് പൊലീസും ബോംബസ് കോഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ക്ഷേത്ര പരിസരത്തെ മണൽപരപ്പിൽ നിന്ന് സ്വർണം കണ്ടെത്തി.
സംഭവത്തിൽ പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയാണ്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ വീണ്ടും പരിശോധിച്ചിരുന്നു. സ്ട്രോങ്ങ് റൂമിന് പരിസരത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ്. അതിനാൽ കൂടുതൽ ദൃശ്യങ്ങളിലൂടെ തെളിവ് കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിൽ എത്തി. അതിനിടയിൽ, ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് സ്വർണ്ണം കാണാതായത് എന്നുള്ള സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തുമ്പോൾ സ്വർണ്ണം മോഷണം പോയി എന്നുള്ള സംശയം പൊലീസ് തള്ളിക്കളയുന്നില്ല. അതോടൊപ്പം സ്വർണദണ്ഡ് അബദ്ധത്തിൽ മണ്ണിൽ വീണതാകാം എന്നുള്ള നിഗമനവും നിലനിൽക്കുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. പ്രവർത്തനരഹിതമായ ക്യാമറകൾ മാറ്റി ഘടിപ്പിക്കാനും പൂർണ്ണ നിരീക്ഷണത്തിൽ സ്വർണ്ണം പൊതിയുന്ന ജോലി നടത്താനും തീരുമാനമായി.