തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ 3 ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയടക്കം രംഗത്തിറക്കി തലസ്ഥാനം പിടിക്കാൻ സിപിഐഎം. പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, കുന്നുകുഴിയിലെ ബിനു ഐ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് ശ്രദ്ധേയ സ്ഥാനാർഥികൾ.
നിലവിലെ മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിനില്ല. സ്ഥാനാർഥി പ്രഖ്യാപന വേദിയിലും മേയർ ആര്യ ഉണ്ടായിരുന്നില്ല. മേയർ കോഴിക്കോട് ആയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ പങ്കെടുക്കാത്തത് എന്നാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ട ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ വ്യക്തമാക്കിയത്.സി പി ഐ എം 70 സീറ്റിലും സി പി ഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് 2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ ജെ ഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും.
ബി ജെ പിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി പി ഐ എമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്.