എറണാകുളം മട്ടാഞ്ചേരിയിലെ ഓൺലൈൻ തട്ടിപ്പ് കേസിൽ മഹാരാഷ്ട്ര സ്വദേശിയായ സന്തോഷ് എന്നയാൾ പിടിയിൽ. തട്ടിപ്പിലൂടെ 59 വയസ്സുള്ള സ്ത്രീയിൽ നിന്ന് 2 കോടി 88 ലക്ഷം രൂപയാണ് ഇയാൾ കൈക്കലാക്കിയത്.
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിലക് നഗർ പൊലീസ് സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി തങ്ങൾക്കും ബന്ധമുണ്ടെന്ന് പറഞ്ഞ് ഈ സംഘം യുവതിയെ സമീപിക്കുകയായിരുന്നു. വിശ്വാസം നേടുന്നതിനായി ഓൺലൈനിൽ വ്യാജ കോടതിയുണ്ടാക്കി, അതിൽ ജഡ്ജിയും വക്കീലുമാരും ഉൾപ്പെടുന്ന ആളുകളെ പങ്കെടുപ്പിച്ച് യുവതിയെ ഹാജരാക്കിയതായും, മറ്റൊരു യുവതിക്ക് എതിരെയുള്ള മൊഴി രേഖപ്പെടുത്തുന്നതായി നാടകീയമായി ഇവരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിന്റെ ഭാഗമായി യുവതിയുടെ പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കമുള്ള രേഖകൾ തട്ടിപ്പ് സംഘം കൈക്കലാക്കി. ഇവർ സ്വർണ്ണം പണയം വെച്ചടക്കം തട്ടിപ്പ് സംഘത്തിന് പണം നൽകി. കുറെ കാലത്തിനു ശേഷമാണ് താൻ പറ്റിക്കപ്പെട്ടുവെന്ന കാര്യം യുവതി അറിയുന്നത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഒരു വലിയ റാക്കറ്റ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇയാൾ വഴിയോ സൈബർ തട്ടിപ്പുകളിലൂടെയോ പണം നഷ്ടപ്പെട്ട പലരും ഇപ്പോഴും തട്ടിപ്പ് നടന്ന വിവരം പോലും അറിയുന്നില്ലെന്നും പൊലീസ് പറയുന്നു.