കൊച്ചി: ഇതെന്റെ പുത്തൻ റേയ്ബാൻ ഗ്ലാസ്, സ്ഫടികത്തിലെ മോഹൻലാലിൻറെ ഈ മാസ് ഡയലോഗ് കാണാത്തവരും കേൾക്കാത്തവരും ഉണ്ടാകില്ല. റേയ്ബാൻ ഗ്ലാസിന് അത്രയ്ക്ക് ആരാധകരും അത് സ്വന്തമായി ഒന്ന് കരസ്ഥമാക്കാൻ കൊതിക്കാത്തവരും കുറവാണ്. ഇതിപ്പോൾ കൊതിയും ആഗ്രഹവും ഒന്നുമല്ല ഒരു വിദ്യാർത്ഥിയുടെ മോഷണവും തുടർന്നുള്ള പൊലീസിന്റെ കൃത്യമായ ഇടപെടലുമാണ്.ഫോർട്ട്കൊച്ചി കാണാനെത്തിയ ഉന്നത എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ റേയ്ബാൻ സൺ ഗ്ലാസ് ആണ് മോഷണം പോയത്. സംഭവം നടന്ന് 4 മണിക്കൂറിനുള്ളിൽ പൊലീസ് തുമ്പുണ്ടാക്കുകയും ചെയ്തു. അതും ഫോർട്ട്കൊച്ചിയിൽ നിന്ന് 62 കിലോമീറ്റർ അകലെ തൃശൂർ കൊടകരയിൽ ഓടിക്കൊണ്ടിരുന്ന വാനിൽ നിന്ന്.
സ്ക്വാഡ്രൻ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിൻ കുര്യാക്കോസിന് ഫ്ലൈയിങ് യൂണിഫോമിന്റെ ഭാഗമായി എയർഫോഴ്സ് അനുവദിച്ചതാണു സൺഗ്ലാസ്.5ന് ഉച്ചയ്ക്ക് 2.30ന് ബന്ധുക്കൾക്കൊപ്പം റസ്റ്ററന്റിൽ കയറിയപ്പോഴാണു മേശപ്പുറത്തു വച്ച സൺഗ്ലാസ് മോഷണം പോയത്. വൈകിട്ട് 6ന് പരാതി നൽകി. അന്വേഷണത്തിനായി ഇൻസ്പെക്ടർ എം.എസ്.ഫൈസൽ, എസ്ഐ അഞ്ജന, സീനിയർ സിപിഒമാരായ കെ.സി.മഹേഷ്, സബീർ ബഷീർ എന്നിവർ രംഗത്തിറങ്ങി. റസ്റ്ററന്റിൽ നിന്ന് ലഭിച്ചതു മോഷ്ടാവിന്റെ അവ്യക്തമായ സിസിടിവി ദൃശ്യം മാത്രം. വിനോദസഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയ മോഷ്ടാവ് ശുചിമുറി ഉപയോഗിക്കാനാണു റസ്റ്ററന്റിൽ കയറിയതെന്നും വ്യക്തമായി.പിന്നെ, ഇത്തരം സംഘങ്ങൾ എത്തുന്ന വാനുകളെ ചുറ്റിപ്പറ്റിയായി അന്വേഷണം. റസ്റ്ററന്റിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരു വാനിന്റെ റജിസ്ട്രേഷൻ നമ്പർ ലഭിച്ച പൊലീസ് ഇതിന്റെ ഡ്രൈവറെ ബന്ധപ്പെട്ടു മോഷ്ടാവിന്റെ ദൃശ്യം കൈമാറി. യുവാവ് തന്റെ വാഹനത്തിലുണ്ടെന്നും കണ്ണട ഇയാളുടെ പക്കലുണ്ടെന്നും ഡ്രൈവർ വിവരം നൽകി. ഇതോടെ, വാഹനം കൊടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു യുവാവിനെ പിടികൂടി. ആന്ധ്ര സ്വദേശിയായ ബിടെക് വിദ്യാർഥിയായിരുന്നു പ്രതി. ഇയാളുടെ ഭാവിയെ കരുതി കേസെടുക്കരുതെന്ന് ഷെറിൻ ആവശ്യപ്പെട്ടു. എന്തായാലൂം റേയ്ബാൻ ഗ്ലാസ് സുരക്ഷിതമായി തന്നെ തിരികെ കിട്ടി.