സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ എഴുകുംവയലിൽ ഉരുൾപൊട്ടലുണ്ടായി. നാല് ഏക്കറിലധികം കൃഷിഭൂമി ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. കുട്ടങ്കവല റോഡിന് സമീപത്താണ് ഉരുൾപൊട്ടലുണ്ടായത്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ റോഡ് അപകടാവസ്ഥയിലാണ്. കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ വിളകളാണ് നശിച്ചുപോയത്. 500 മീറ്റർ മാത്രം അകലെ ഒരു വീടും സ്ഥിതിചെയ്യുന്നുണ്ട്. വലിയ മണ്ണിടിച്ചിലായിരുന്നെങ്കിൽ ഈ വീടും അപകടത്തിലാകുമായിരുന്നു. 2018-ലും ഇതിന് തൊട്ടടുത്ത് വലിയ ഉരുൾപൊട്ടലുണ്ടായി വീടുകൾ തകരുകയും ചെയ്തിരുന്നു.റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും, പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.