ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ (KAAPA) ചുമത്താൻ പൊലീസ് നടപടി തുടങ്ങി. കേസിൽ അറസ്റ്റിലായ അമൽ, അനന്തു എന്നിവർക്കെതിരെയാണ് ഗുണ്ടാ വിരുദ്ധ നിയമപ്രകാരം നടപടിയെടുക്കുന്നത്. ഇരുവരും വധശ്രമം, ലഹരിമരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെയും പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഒന്നാം പ്രതി സഫ്‌നയാണ് യുവാവിനെ എറണാകുളം സൗത്ത് ഓവർ ബ്രിഡ്ജിന് സമീപത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ വെച്ച് പ്രതികൾ യുവാവിനെ ക്രൂരമായി മർദിക്കുകയും പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു. ഹണി ട്രാപ്പിലൂടെ പണം തട്ടുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
സഫ്‌ന ഉൾപ്പെട്ട ഈ സംഘം ഇതിനുമുമ്പും സമാനമായ രീതിയിൽ ആളുകളെ ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളുടെ സ്ഥിരം ക്രിമിനൽ സ്വഭാവം കണക്കിലെടുത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് കാപ്പ ചുമത്താനുള്ള ശുപാർശ കൈമാറാൻ ഒരുങ്ങുന്നത്. നഗരത്തിലെ ഗുണ്ടാ-ലഹരി സംഘങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.