Share this Article
News Malayalam 24x7
ഒന്നര വയസുകാരൻ്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം
Death of Toddler in Payyannur

പയ്യന്നൂരിലെ ഒന്നരവയസ്സുകാരൻ ദേവാൻഷ് ശൗര്യ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ കൂടുതൽ ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം രംഗത്ത്. കുട്ടിയ്ക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, ചികിത്സാ സംഘത്തിലുണ്ടായിരുന്ന പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഒപ്പം ആശുപത്രി മാനേജ്‌മെന്റിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടയിൽ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റ കുട്ടിയെ പയ്യന്നൂർ ബി.എം.എച്ച് (BMH) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുറിവ് തുന്നിക്കെട്ടുന്നതിനായി കുട്ടിക്ക് അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടിയുടെ നില ഗുരുതരമായത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബി.എം.എച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.


കുട്ടിക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും മകനാണ് മരിച്ച ദേവാൻഷ് ശൗര്യ.


കുടുംബത്തിന്റെ പരാതിയിൽ പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിലെ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് നേതൃത്വം നൽകിയ മൂന്ന് ഡോക്ടർമാരെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആശുപത്രി മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories