വയനാട് കള്ളാടിയിലുണ്ടായ മണ്ണിച്ചിൽ ദുരന്ത സ്ഥലത്ത് അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നു. തകർന്നു വീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പുഴയും രണ്ടാം സോണും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. തിരച്ചിലിന്റെ ഭാഗമായി ദുരന്തമേഖലയിൽ ഉച്ചയ്ക്ക് 12 മണി വരെ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാം സോണിലും രണ്ടാം സോണിലും കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയെങ്കിലും പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
അതിനിടെ, ഏഴു പേരുടെ ജീവനെടുത്ത ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രശസ്ത ഭൗമശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ നയിക്കുന്ന സമിതിയിൽ ജിയോളജിസ്റ്റ് ഡോ. വിഷ്ണുദത്ത്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.