കോട്ടയം: തോട്ട കത്തിച്ച ശേഷം ഇതിന് മുകളിൽ കയറിക്കിടന്ന കിണർ നിർമ്മാണ തൊഴിലാളി മരിച്ചു. കോട്ടയം മണർകാട് ഐരാറ്റുനട സ്വദേശി ഡി. റെജിയാണ് (58) മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.വീടിന് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിൽ എത്തിയ റെജി തോട്ട കത്തിച്ചതിന് ശേഷം ഇതിന് മുകളിൽ വയർ ഭാഗം ചേർന്ന് കിടക്കുകയായിരുന്നു. നീണ്ടൂരിലാണ് റെജിയുടെ ഇളയ മകൻ താമസിക്കുന്നത്.മകന്‍റെ കുട്ടിയുടെ നൂലുകെട്ടിനായി അവിടെ പോയ ശേഷം രാത്രി വൈകിയാണ് റെജി വീട്ടിൽ വന്നത്. അതിന് ശേഷം ഭാര്യ വിജയമ്മയുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് വീടുവിട്ടിറങ്ങി പോയതാണ്.
തോട്ട പൊട്ടുന്ന ശബ്ദം കേട്ടതോടെ പ്രദേശവാസികൾ ഓടിക്കൂടി. അപ്പോഴേക്കും റെജിയുടെ വയർ തകർന്ന നിലയിലായിരുന്നു കിടപ്പ്.മണർകാട് പൊലീസ് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് വയറ്റിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തിയത്. റെജി അൾസറിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു.