തിരുവനന്തപുരം: ജീവനൊടുക്കിയ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ കുമാറിൻ്റെ ആത്മഹത്യ കുറിപ്പിൻ്റെ പൂർണരൂപം പുറത്ത്. കുറിപ്പിൽ സിപിഐഎമ്മിനോ പൊലീസിനോ എതിരെ പരാമര്‍ശമില്ല. ഇപ്പോൾ എന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വലിയ മാനസികാഘാതം ഏൽക്കുന്നുണ്ടെന്നും അനിൽ കുമാർ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നത്.
"തിരിച്ചു പിടിക്കാൻ തുക ഒരുപാടുണ്ട്. ഞാനോ ഭരണസമിതിയോ ഒരു ക്രമക്കേടും നടത്തിയിട്ടില്ല. ഒരു തരത്തിലും ബിനാമി ലോണുകളോ വകമാറ്റലോ വരുത്തിയിട്ടില്ല. ജനങ്ങൾ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിൽ ഒരു കണിക പോലും വീഴ്ച വരുത്തിയിട്ടില്ല. നിക്ഷേപകർ പണം പിൻവലിക്കാൻ കുറച്ച് സമയം അനുവദിച്ച് നൽകണം. തുക തിരിച്ചുപിടിച്ച് എല്ലാവർക്കും അവരവരുടെ പണം തിരികെ തരും. ഭാര്യയെയും മക്കളെയും ആരും വേട്ടയാടരുത്. മാനസികമായി വലിയ വിഷമവും സമ്മർദവുമുണ്ട്". ഇപ്പോൾ സംഭവിച്ചത് സമ്മർദത്തിന് വിധേയനായി വന്നുപോയതാണെന്നും അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
അനിൽ കുമാറിൻ്റെ മരണത്തിൽ പൊലീസിനെയും സിപിഐഎമ്മിനെയും കുറ്റപ്പെടുത്തി പ്രതിരോധം തീർത്ത ബിജെപി തിരിച്ചടിയായിരിക്കുകയാണ് കുറിപ്പ്.