ആലപ്പുഴ ജില്ലയിലെ തുറവൂരിൽ അമ്മയുടെ മൃതദേഹം മകൻ വീടിനുള്ളിൽ രഹസ്യമായി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മനക്കോടം സ്വദേശിയായ രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിനുള്ളിൽ തന്നെ അടക്കം ചെയ്തത്. സംഭവത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് കുത്തിയതോട് പൊ ലീസ് കേസെടുത്ത് ഗിരീഷിനെ കസ്റ്റഡിയിലെടുത്തു.
രാധയും ഗിരീഷും മാത്രമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. അമ്മ മരിച്ച വിവരം ഗിരീഷ് തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. എന്നാൽ മരണാനന്തര ചടങ്ങുകൾ നടത്താൻ പണമില്ലാത്തതിനാലാണ് ആരെയും അറിയിക്കാതെ വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടിയതെന്നാണ് ഗിരീഷ് നൽകുന്ന വിശദീകരണം. കൂടാതെ വീടിന് ചുറ്റും വലിയ തോതിലുള്ള വെള്ളക്കെട്ടുള്ളതിനാൽ പുറത്ത് അടക്കം ചെയ്യാൻ സാധിക്കാത്തതും ഇതിനൊരു കാരണമായി ഇയാൾ ചൂണ്ടിക്കാട്ടുന്നു.
ഗിരീഷിന്റെ വാക്കുകളിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.