കൊച്ചി: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കൊച്ചി നേവല്‍ ബേസിലെ നാവികന്‍ അറസ്റ്റില്‍. ഹരിയാന റോഹ്തക് സ്വദേശി അമിത്തിനെയാണ് പോക്സോ കേസില്‍ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്. താൻ താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് അമിത്തിനെതിരെയുള്ള കേസ്.
കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പെൺകുട്ടി. പതിനഞ്ചുകാരിയെ അമിത് പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എങ്ങനെയാണ് പെൺകുട്ടിയുമായി നാവികൻ സൗഹൃദത്തിലായത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അമിത് നിലവില്‍ റിമാന്‍ഡിലാണ്. പോക്സോ കേസില്‍ നാവികന്‍ അറസ്റ്റിലായത് സ്ഥിരീകരിച്ച് നാവികസേന പത്രകുറിപ്പിറക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നേവിയും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.