കണ്ണൂർ: ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കേളകം ഇരുട്ടുമുക്കിലാണ് സംഭവം. പൗവത്തിൽ റോയി (45) ആണ് ഇന്നു രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറക്കൽ ജൈസനെ (45) കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.റോയിയുടെ കൂടെയാണ് ജൈസന്റെ അമ്മ താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ജൈസൻ റോയിയുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം റോയി സ്ഥലത്തുണ്ടായിരുന്നില്ല. റോയി വീട്ടിലെത്തിയപ്പോൾ ഭാര്യ ഡെയ്സി ഇക്കാര്യം പറഞ്ഞു. തുടർന്ന് റോയി ഇക്കാര്യം ചോദിക്കാൻ ജൈസന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇവർ തമ്മിൽ ബഹളമുണ്ടായി. റോയി തിരിച്ചുപോകുന്നതിനിടെ പിന്നാലെ എത്തിയ ജൈസൻ വെട്ടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു രാവിലെ മരിച്ചു. അഡോൾഫിനയാണ് റോയിയുടെ മകൾ.