Share this Article
News Malayalam 24x7
താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; നാല് പേര്‍ കൂടി പിടിയില്‍
Thamarassery Fresh Cut Plant Clash

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ്‌കട്ട് മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ഒമ്പതായി. താമരശ്ശേരി സ്വദേശികളായ ഷബാദ്, കൂടത്തായി സ്വദേശി മുഹമ്മദ് ബഷീർ, കരിമ്പാലക്കുന്ന് സ്വദേശി ജിതിൻ, വാവാട് സ്വദേശി വിനോദ് എന്നിവരാണ് പുതുതായി അറസ്റ്റിലായവർ.


ഒക്ടോബർ 21 നാണ് ഫ്രഷ്‌കട്ട് മാലിന്യ പ്ലാന്റിന് നേരെ വ്യാപകമായ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പ്ലാന്റിലെ വാഹനങ്ങൾ കത്തിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. മാലിന്യം കൊണ്ടുവരുന്ന വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ബഷീർ, ഷബാദ് എന്നിവർക്ക് വഴി തടസ്സപ്പെടുത്തിയ കേസിൽ മാത്രം ഉൾപ്പെട്ടതിനാൽ നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. എന്നാൽ, കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത്.


സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. മലപ്പുറം ഉൾപ്പെടെയുള്ള സമീപ ജില്ലകളിൽ നിന്ന് പോലും ആളുകൾ സംഘർഷത്തിൽ പങ്കെടുക്കാനായി എത്തിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.


താമരശ്ശേരിയിലെ വിവിധ വീടുകളിൽ പൊലീസ് റെയ്ഡുകൾ നടത്തുകയും ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭവത്തിൽ ഇനിയും നിരവധി ആളുകൾ പിടിക്കപ്പെടാനുണ്ടെന്നും അവരെ ഉടൻ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഒക്ടോബർ 29 ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഒരു സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരോടും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories