Share this Article
News Malayalam 24x7
ജയലക്ഷ്മി സിൽക്സിലെ തീപ്പിടിത്തം; CCTV ദൃശ്യങ്ങൾ പരിശോധിക്കും
Jayalakshmi Silks Fire Case

പാളയത്തുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്‌സിൽ ഉണ്ടായ വൻ തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനും നാശനഷ്ടങ്ങൾ കണക്കാക്കാനുമായി ഇന്ന് വിപുലമായ പരിശോധന നടക്കും. ജില്ലാ ഫയർ ഓഫീസറുടെയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇന്ന് സ്ഥാപനത്തിൽ പരിശോധന നടത്തുക. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുന്നതിനായി സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കും.

ഇന്നലെ വൈകിട്ട് 5:55-ഓടെയാണ് സ്ഥാപനത്തിന്റെ മുകൾനിലകളിൽ തീയും പുകയും ഉയർന്നത്. നാല് നിലകളിലായി പതിനായിരത്തിലധികം ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രണ്ട്, മൂന്ന്, നാല് നിലകളിലാണ് തീ പടർന്നത്. അഞ്ച് മണിക്കൂറിലധികം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ രാത്രി 11:30-ഓടെയാണ് അഗ്നിശമന സേന തീ പൂർണ്ണമായും അണച്ചത്. 17 യൂണിറ്റ് ഫയർഫോഴ്‌സ് വാഹനങ്ങളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അത്യാധുനിക അഗ്നിശമന വാഹനമായ 'ഓഷ്‌കോഷ് പാന്തറും' ചേർന്നാണ് തീയണച്ചത്.


റംസാൻ, വിഷു വിപണികൾ ലക്ഷ്യമിട്ട് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രശേഖരമാണ് പൂർണ്ണമായും കത്തിനശിച്ചത്. ഏകദേശം അഞ്ച് കോടിയിലധികം രൂപയുടെ പ്രാഥമിക നഷ്ടമാണ് ഉടമകളായ ഗമ്മത്ത് സഹോദരങ്ങൾ കണക്കാക്കുന്നത്. 2023 ഏപ്രിൽ ഒന്നിനും സമാനമായ രീതിയിൽ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് ഷോർട്ട് സർക്യൂട്ടായിരുന്നു കാരണമായി കണ്ടെത്തിയത്. എന്നാൽ ഇത്തവണത്തെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാൻ സാധ്യതയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. പരിശോധനകൾക്കായി ഉടമകളും ഇന്ന് സ്ഥലത്തെത്തും. നഗരമധ്യത്തിൽ ഇത്രയും വലിയ തീപിടിത്തമുണ്ടായത് ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ പരിഭ്രാന്തിയിലാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories