Share this Article
News Malayalam 24x7
അരമണികിലുക്കിയും കുടവയർ കുലുക്കിയും ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലിപ്പൂരം
Thrissur Pulikali 2025

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി തൃശൂരിൽ ഇന്ന് പുലികളി അരങ്ങേറും. വടക്കൻ താളത്തിൽ അരമണികിലുക്കിയും കുടവയർ കുലുക്കിയും 459 പുലികൾ നഗരഹൃദയമായ സ്വരാജ് റൗണ്ട് കീഴടക്കും. വൈകിട്ട് നാലുമണിയോടെയാണ് ഒൻപത് സംഘങ്ങളായി പുലിക്കൂട്ടം നഗരത്തിൽ ഇറങ്ങുക.


പുലികളിക്ക് മുന്നോടിയായി രാവിലെ മുതൽ പുലിമടകളിൽ ചായം തേക്കുന്ന ചടങ്ങുകൾ ആരംഭിച്ചു. നായ്ക്കനാൽ സംഘത്തിന്റെ പുലിമടയിൽ നിന്നുള്ള ദൃശ്യങ്ങളിൽ വലിയ ആവേശമാണ് കാണാൻ സാധിക്കുന്നത്.നായ്ക്കനാൽ സംഘം ഇത്തവണ ഒന്നാം സ്ഥാനം നേടുമെന്ന പ്രതീക്ഷയിലാണ്. ആദ്യമായി പുലിവേഷം കെട്ടുന്നവരും ഇത്തവണയുണ്ടെന്ന് സംഘാടകർ പറയുന്നു. മുരുകൻ ചേട്ടൻ എന്നയാൾ ആദ്യമായി പുലിവേഷം കെട്ടാനൊരുങ്ങുന്നു. ഇദ്ദേഹത്തിന്റെ വേഷം ഒരു സർപ്രൈസ് ആയിരിക്കുമെന്നും തൃശൂർ ഇതുവരെ കാണാത്ത പുലിയായിരിക്കും ഇതെന്നും സംഘാടകർ അവകാശപ്പെടുന്നു. ഓരോ സംഘത്തിലും 35 പുലികളിൽ കുറയാൻ പാടില്ലെന്ന നിബന്ധനയുണ്ടെങ്കിലും, നായ്ക്കനാൽ സംഘത്തിൽ എഴുപതോളം പുലികൾ വേഷമിടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

പുലികളിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. തൃശൂർ താലൂക്ക് പരിധിയിൽ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 


കഴിഞ്ഞ വർഷം എട്ട് സംഘങ്ങളാണ് പുലികളിയിൽ പങ്കെടുത്തതെങ്കിൽ, ഇത്തവണ അത് ഒൻപത് സംഘങ്ങളായി വർധിച്ചു.പുലികളി കാണാനായി റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ പാർക്കിംഗ് ചെയ്യുന്ന സ്ഥലങ്ങളിലേക്ക് മാറ്റാനും, ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കയറിനിൽക്കാതിരിക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.വൈകിട്ട് 9 മണിയോടെയാണ് പുലികളി അവസാനിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories