Share this Article
News Malayalam 24x7
മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ 60കാരിയും കൊച്ചുമകളും മുങ്ങിമരിച്ചു; ഒരു കുട്ടി വെന്റിലേറ്ററിൽ
വെബ് ടീം
posted on 05-04-2024
1 min read
Lady and Granddaughter drowned at Muvattupuzha

മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ സ്ത്രീയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടിയില്‍ ആമിന (60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. ഇവിടെ പതിവായി കുളിക്കാനെത്തുന്നവരാണ് രണ്ടു പേരും.

ഇന്നു രാവിലെ 11 മണിയോടെയാണ് അപകടം. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് ആമിന കൊച്ചുമക്കളുമൊത്ത് കടവില്‍ എത്തിയത്. ഈ കടവിൽ സ്ഥിരമായി കുളിക്കാനെത്തുന്നവരാണ് ഇവർ എന്ന് നാട്ടുകാർ പറയുന്നു.മൂവാറ്റുപുഴ നഗരസഭ 11–ാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് ഇരുവരും മുങ്ങിമരിച്ചത്. 

ആമിനയെയും ഒരു കൊച്ചുമകളെയും പുഴയിൽനിന്ന് മുങ്ങിയെടുത്തെങ്കിലും, ഒരു കുട്ടി കൂടി ഇവർക്കൊപ്പമുണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. പിന്നീട് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് മൂന്നു പേരാണ് കുളിക്കാൻ പോയതെന്ന് മനസ്സിലായത്.

തുടർന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് മൂന്നാമത്തെയാളെ പുഴയിൽനിന്ന് മുങ്ങിയെടുത്തത്. ആമിനയെ പുഴയിൽ നിന്നെടുത്തപ്പോൾ തന്നെ മരിച്ചിരുന്നു. കുട്ടികളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ചികിത്സകള്‍ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടികളിൽ ഹർഫ ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല. ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories