കോഴിക്കോട്: 2026 ൽ എൽഡിഎഫിലെ പ്രധാന ഘടകകക്ഷികൾ യുഡിഎഫിലെത്തുമെന്ന് സൂചന നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുന്നണിക്ക് പ്രയോജനം ചെയ്യുന്ന ആളുകളെ യുഡിഎഫുമായി സഹകരിപ്പിക്കുമെന്ന് അടൂർ പ്രകാശ് കേരളവിഷൻ ന്യൂസിനോട് പറഞ്ഞു. മുസ്ലിം ലീഗിന് അടക്കം കൂടുതൽ സീറ്റ് ചോദിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളവിഷൻ ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് റിയാസ് കെ. എം. ആറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അടൂർ പ്രകാശ് ഇക്കാര്യം വ്യക്തമാക്കിയത്.
2026ൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുക എന്ന ദൗത്യം താൻ ഏറ്റെടുക്കുകയാണെന്ന് അടൂർ പ്രകാശ് കേരളവിഷൻ ന്യൂസിനോട് പറഞ്ഞു. കേരള കോൺഗ്രസിനെയും ആർജെഡിയെയും മുന്നണിയിൽ എത്തിക്കുന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.മുസ്ലിം ലീഗിന്റെ ശക്തി ഒരിക്കലും കുറച്ചു കാണാൻ പറ്റില്ല. ലീഗ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഉൾപ്പെടെ എല്ലാ ഘടകകക്ഷികൾ പറയുന്ന കാര്യങ്ങളിലും കൃത്യമായ പരിഹാരം ഉണ്ടാക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.ഓരോ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും മുതിർന്ന നേതാക്കളുമായും ഘടകകക്ഷികളുമായും കൃത്യമായ ചർച്ച നടത്തുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
ശശി തരൂരിനെതിരായ അതൃപ്തി കേരളവിഷൻ ന്യൂസിനോട് തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു യുഡിഎഫ് കൺവീനർ. ഇപ്പോഴത്തെ സ്ഥാനമാനങ്ങൾ നൽകിയത് കോൺഗ്രസ് ആണെന്നത് തരൂർ ഉൾക്കൊള്ളണം. തരൂരിനെ ദേശീയ നേതൃത്വം ആണ് നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ നിരന്തരം പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്ന അഭിപ്രായങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചത്. തരൂർ പാർട്ടിക്ക് വിധേയനാകണമെന്ന് അടൂർ പ്രകാശ് പറഞ്ഞു.