Share this Article
News Malayalam 24x7
ദൃഷാനയെ വാഹനമിടിച്ച കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരവും കേസ്, കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
വെബ് ടീം
posted on 14-02-2025
1 min read
drishana

കോഴിക്കോട് വടകരയില്‍ ഒന്‍പതു വയസുകാരി ദൃഷാനയെ വാഹനമിടിച്ച് കടന്നു കളഞ്ഞ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഭാരത് ന്യായ് സംഹിത നിലവില്‍ വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ ഐപിസി വകുപ്പുകള്‍ ചേര്‍ത്താണ് പ്രതി ഷെജിലിനെതിരെ കേസെടുത്തിരുന്നത്.അപകടത്തെ തുടര്‍ന്ന് ഒന്‍പതു വയസുകാരി ദൃഷാന കോമയിലാകുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്തിരുന്നു. അശ്രദ്ധമായി അമിതവേഗതയില്‍ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയവക്കൊപ്പം മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പുകളും കുറ്റപത്രത്തില്‍ചേര്‍ത്തിട്ടുണ്ട്. കാറിന്റെ മാറ്റിയ ഗ്ലാസിന്റെ ഭാഗങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിയ ബില്ലുകള്‍, ഇന്‍ഷുറന്‍സ് ക്ലെയിം വാങ്ങിയ രേഖകള്‍ എന്നിവയും ഹാജരാക്കിയിട്ടുണ്ട്.കേസില്‍ അറസ്റ്റിലായ ജാമ്യം ലഭിച്ച ഷെജീല്‍ വാഹനവും പാസ്‌പോര്‍ട്ടും തിരിച്ച് ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് ഇയാള്‍ക്കെ നാദാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അടുത്തയാഴ്ചയോടെ കുറ്റപത്രം സമര്‍പ്പിക്കും. കാര്‍ മതിലില്‍ ഇടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് നഷ്ടപരിഹാരം വാങ്ങിയത്. 30,000 രൂപ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരമായി ഷെജീല്‍ വാങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories