കണ്ണൂർ: പ്രമുഖ യുവ തെയ്യം കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പറശ്ശിനിക്കടവ് നാണിശ്ശേരി കോൾത്തുരുത്തി കുടുക്കവളപ്പിൽ സൂരജിന്റെ മകൻ പി.കെ. അശ്വന്തിനെയാണ് (അശ്വന്ത് കോൽതുരുത്തി–25) വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പൊടിക്കുണ്ടിലെ വാടക വീട്ടിലെ ഫാനിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ രാത്രി പത്ത് മണിയോടെ സുഹൃത്തുക്കളാണ് ടൗൺ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് സഹോദരൻ അദ്വൈതിനൊപ്പം വാടക വീട്ടിലേക്ക് താമസം മാറിയത്. അമ്മ ജിഷ ഗൾഫിൽ ജോലി ചെയ്യുകയാണ്. കതിവനൂർ വീരൻ, കുടിവീരൻ തോറ്റം ഉൾപ്പെടെയുള്ള നിരവധി തെയ്യങ്ങളുടെ കോലധാരിയായിരുന്നു.