തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അന്തിമ റിപ്പോർട്ട് കൈമാറി. സ്കൂളിലെ അപകടകരമായ സാഹചര്യങ്ങൾ വർഷങ്ങളായി നിലനിന്നിട്ടും പ്രധാനാധ്യാപിക സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പാക്കിയില്ലെന്നും അനധികൃത നിർമ്മാണം തടഞ്ഞില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തേക്കും.
പത്താം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുർക്കിയിലുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്ന് രാവിലെ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മരിച്ച മിഥുന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി.