തിരുവനന്തപുരം മൊട്ടമൂട് പറമ്പിക്കോണത്ത് ഒരു കുഞ്ഞിന്റെ മുഖത്തടിച്ച സംഭവത്തിൽ അങ്കണവാടി അധ്യാപികയെ സസ്പെൻഡ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതിനെത്തുടർന്നാണ് അന്വേഷണ വിധേയമായി അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
രണ്ടേമുക്കാൽ വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രി അങ്കണവാടിയിൽ നിന്ന് വന്നതിന് ശേഷം മുഖത്ത് മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കവിളിനും ചെവിക്കും ഇടയിലായി വിരലടയാളം കണ്ട വീട്ടുകാർ രാത്രി തന്നെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചു.
കുട്ടിയോട് ആരാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ അങ്കണവാടി ടീച്ചറുടെ പേര് പറഞ്ഞിരുന്നതായി രക്ഷിതാക്കൾ പറയുന്നു. തുടർന്ന്, രക്ഷിതാക്കൾ ഇന്ന് രാവിലെ അങ്കണവാടിയിൽ എത്തി വിവരങ്ങൾ തിരക്കിയെങ്കിലും ടീച്ചർ കുഞ്ഞിനെ മർദ്ദിച്ചിട്ടില്ലെന്ന് പറഞ്ഞ് നിഷേധിച്ചു.
രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും, ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.