Share this Article
News Malayalam 24x7
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
 Unnikrishnan Potti

ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതിയും ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ശ്രീകോവിലിനകത്തെ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ജാമ്യം ലഭിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ മാസങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന പോറ്റി ഉടൻ ജയിൽ മോചിതനാകും.

ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായാലുടൻ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകാനോ ഉള്ള നീക്കത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കേസിൽ ഉൾപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണം വിറ്റു കിട്ടിയ പണം എവിടെപ്പോയി എന്നതിനെക്കുറിച്ച് ഇ.ഡി. വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള സമൻസ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ ദ്വാരപാലക ശില്പത്തിലെ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.


2019-ൽ ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്. സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ സഹായത്തോടെ പ്രത്യേക ലായനി ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കുകയും, ഇത് ബെല്ലാരിയിലെ റോദം ജ്വല്ലറി ഉടമയായ ഗോവർധന് വിൽക്കുകയും ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിൽ ഒക്ടോബറിലാണ് ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായത്.


പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. തൊണ്ടിമുതൽ കണ്ടെത്താൻ പോലും എസ്ഐടിക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.


എന്നാൽ, എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ധൃതിപിടിച്ച് കുറ്റപത്രം നൽകുന്നത് വിചാരണ വേളയിൽ പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുമെന്നും വിശദമായ പരിശോധനകൾ ആവശ്യമാണെന്നും ഭരണപക്ഷം വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories