തിരുവനന്തപുരം: തലസ്ഥാനനഗരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 18ന് രാത്രി പാളയത്തിന് സമീപത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഡി.ജെ. പാർട്ടിക്കിടെയാണ് രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഒന്നര മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. ഹോട്ടലിനുള്ളിൽ വെച്ചും റോഡിലും നഗരഹൃദയംവരെയും സംഘം തിരിഞ്ഞ് ഇവർ ഏറ്റുമുട്ടി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ച സമയത്തും സംഘർഷം നീണ്ടു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പോലീസ് ഇടപെട്ടാണ് ഈ സംഘർഷത്തിന് ഒരു അയവ് വരുത്തിയത്. ഏറ്റുമുട്ടിയ രണ്ട് സംഘങ്ങളെയും പോലീസ് ഇടപെട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം ആർക്കും പരാതി ഇല്ലാത്തതുകൊണ്ട് വിട്ടയച്ചെന്നാണ് റിപ്പോർട്ട്.എന്നാൽ മാധ്യമവാർത്തകളെ തുടർന്ന് 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.