ശബരമല സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ദുരൂഹത വർദ്ധിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ നിർണ്ണായക സാക്ഷിയായ വിദേശ വ്യവസായിയുടെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായാണ് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
ചെന്നൈ സ്വദേശിയായ ഡി. മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും ഇയാൾ അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും മൊഴിയിൽ പറയുന്നു. 2020 ഒക്ടോബറിലാണ് വിഗ്രഹക്കടത്തിനായുള്ള പണം കൈമാറിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഈ വിനിമയങ്ങളെല്ലാം ഏകോപിപ്പിച്ചതെന്നും ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും വ്യവസായി വെളിപ്പെടുത്തി.
നേരത്തെ കെഎസ്എൽ വ്യവസായിയെ ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തല സൂചിപ്പിച്ച അതേ വ്യവസായിയുടെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ ഉന്നതർക്ക് ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ നീക്കം. വിഗ്രഹങ്ങൾ കടത്തിയത് എവിടേക്കാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് സംഘങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.