തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യ ലഹരിയിലായരുന്ന യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പൊലീസ്. അതിക്രമം നടന്ന ബോഗിയിലും, ശ്രീക്കുട്ടി വീണ അയന്തിപാലത്തിലും തെളിവെടുക്കും. തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വര്‍ക്കല അയന്തിക്കു സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വാതിലിനടുത്ത് നിന്ന് മാറാത്തതിന്റെ പേരിലാണ് സുരേഷ്‌കുമാര്‍ ശ്രീക്കുട്ടിയെ നടുവിന് ചവുട്ടി ട്രെയിനില്‍ നിന്ന് പുറത്തേക്കിട്ടത്.