ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം നടന്ന സംഭവത്തിൽ ജസ്ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് നടപടി. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് റീൽസ് ചിത്രീകരിച്ചത്.
നേരത്തെ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. ഈ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ജസ്ന സലീം റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
നേരത്തെയും ക്ഷേത്രങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നത് വലിയ ചർച്ചയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ ഒരു യുവതി നൃത്തം ചെയ്യുന്ന വീഡിയോ റീൽസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ ക്ഷേത്ര ഭരണസമിതിയും ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഗുരുവായൂരിലെ സംഭവം ഹൈക്കോടതിയുടെ ഉത്തരവിനെതിരായ വെല്ലുവിളിയാണെന്ന് ദേവസ്വം ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.